സുരേഷ്‌ബാബു
തട്ടാടത്ത്
9447194057
അനേകകോടി ജീവസമൂഹത്താല്‍ സമ്പുഷ്‌ടമാണ് നാം അധിവസിക്കുന്ന ഭൂമി. പരസ്‌പരാശ്രയത്വത്തില്‍ അധിഷ്‌ഠിതമായാണ് പ്രകൃതി ഈ ജീവസമൂഹത്തെ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ചരാചരങ്ങളായ ഓരോന്നും മറ്റൊന്നിന് താങ്ങും തണലുമാണ്. മറ്റുള്ള ജീവസമൂഹത്തെ അപേക്ഷിച്ച് മനുഷ്യന് പ്രകൃതി പല വിശേഷ ഗുണങ്ങളും നല്‍കിയിട്ടുണ്ട്. അതില്‍ അതിവിശിഷ്‌ടമായ ഗുണമാണ് ബൗദ്ധികതലത്തിലെ ഉണര്‍വ്വ്.
9447194057
അനേകകോടി ജീവസമൂഹത്താല്‍ സമ്പുഷ്‌ടമാണ് നാം അധിവസിക്കുന്ന ഭൂമി. പരസ്‌പരാശ്രയത്വത്തില്‍ അധിഷ്‌ഠിതമായാണ് പ്രകൃതി ഈ ജീവസമൂഹത്തെ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ചരാചരങ്ങളായ ഓരോന്നും മറ്റൊന്നിന് താങ്ങും തണലുമാണ്. മറ്റുള്ള ജീവസമൂഹത്തെ അപേക്ഷിച്ച് മനുഷ്യന് പ്രകൃതി പല വിശേഷ ഗുണങ്ങളും നല്‍കിയിട്ടുണ്ട്. അതില്‍ അതിവിശിഷ്‌ടമായ ഗുണമാണ് ബൗദ്ധികതലത്തിലെ ഉണര്‍വ്വ്.
എത്ര ഹൃദയഹാരിയായാണ് ഈശ്വരന്‍ ഭൂമിയെ സംവിധാനം ചെയ്‌തിരിക്കുന്നത്. നീലാകാശം, അതില്‍ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്ന താരാഗണങ്ങള്‍, ചന്ദനകുളില്‍നിലാവ് പൊഴിക്കുന്ന ചന്ദ്രന്‍, മനസ്സിനെ സങ്കല്‌പയാനങ്ങളിലേറ്റി സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്നുനല്‍കുന്ന അസ്‌തമനസൂര്യന്‍ അങ്ങനെ എന്തെല്ലാം കാഴ്‌ചകള്‍. ഇവയെല്ലാം ആസ്വാദ്യകരമാകുന്നത് മനസ്സ് എന്ന അന്തഃകരണം (ഉള്ളിലെ അവയവം) ഉപയോഗിച്ചാണ്. ഭൗതികതലത്തില്‍ പ്രത്യക്ഷമാകുന്ന ഓരോ ദൃശ്യങ്ങളും കണ്ണുകളിലൂടെ, നാവിലൂടെ, സ്‌പര്‍ശനത്തിലൂടെ നമ്മുടെ ഉള്ളിലേക്കാണ് പ്രവേശിക്കുന്നത്. ഇരുള്‍നിറഞ്ഞ ശരീരാന്തര്‍ഭാഗത്ത് ഇരുന്ന് ഇവയെല്ലാം ആസ്വദിക്കുന്നത് ആത്മാവാണ് എന്ന് വേദാന്തം പറയുന്നു. ആത്മാവ് ഇവയെല്ലാം അനുഭവിക്കുന്നത് മനസ്സിലൂടെയാണ്. ആ അനുഭവങ്ങളെ ബുദ്ധി എന്ന ഉപകരണംവഴി വിശകലനം നടത്തി പ്രവര്‍ത്തിക്കാനേ ആത്മാവിന് സാധിക്കുകയുള്ളൂ. നല്ല ഗുണനിലവാരമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാലേ നല്ല ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ എന്നപോലെ നല്ല ബുദ്ധി-മനസ്സുകള്‍ ഉണ്ടായാലേ നല്ല പ്രവര്‍ത്തനങ്ങള്‍, തീരുമാനങ്ങള്‍ ആത്മാവിന് എടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാലാണ് ബുദ്ധി-മനസ്സുകള്‍ ആരോഗ്യമുള്ളതും ശുദ്ധവും ആയിരിക്കണം എന്ന് വേദാന്തം അനുശാസിച്ചിരിക്കുന്നത്.
നീലവാനില്‍ മേഘത്തുണ്ടുകള്‍കൊണ്ട് പ്രകൃതി രചിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ശുദ്ധവും ഏകാഗ്രവുമായ മനസ്സുകൊണ്ടേ സാധിക്കുകയുള്ളൂ. വിവിധ പക്ഷിജാലങ്ങളുടെ കളകൂജനങ്ങള്‍ നമ്മുടെ കര്‍ണ്ണപുടങ്ങളെ തഴുകുമ്പോഴും, അസ്‌തമനസൂര്യന്‍ ആഴിപ്പരപ്പിനെ മുത്തമിടുമ്പോള്‍ ഉതിരുന്ന കുങ്കുമാഭ നയനങ്ങളിലൂടെ അനുഭവമാകുമ്പോഴും അവയെ ആസ്വദിക്കാന്‍ ഉള്ളടങ്ങിയ നയനങ്ങളും ശുദ്ധനിശ്ചല ഹൃദയവും അനിവാര്യമാണ്.
ഇന്നത്തെ മനുഷ്യന്റെ മനസ്സ്, ചിത്തം, ബുദ്ധി എന്നീ അന്തഃകരണങ്ങള്‍ ശുദ്ധമല്ല. അതിനാല്‍ അവന്റെ ആത്മാവിന് ശരിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നുമില്ല. വൃത്തിഹീനമായ കണ്ണാടിയില്‍ സുന്ദരവസ്‌തുക്കളുടെ പ്രതിഫലനം സുഖകരമല്ലാത്തതുപോലെ ഇന്നത്തെ മനുഷ്യന്റെ മനസ്സില്‍ രൂപമെടുക്കുന്ന പല കാര്യങ്ങളും അവനും പ്രകൃതിക്കും ഗുണകരമാകുന്നില്ല. അശുദ്ധമായ അന്തഃകരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ട ഈ ആത്മാവിനെയാണ് ശങ്കരാചാര്യര്‍ ഭജഗോവിന്ദത്തില്‍ �മൂഢമതേ� എന്ന് വിളിച്ചിരിക്കുന്നത്.
ഉപ്പുലായനിയില്‍ കിടക്കുന്ന മാങ്ങയുടെ അവസ്ഥയാണ് ഇന്നത്തെ മനുഷ്യന്റേത്. മാങ്ങയെ ഉപ്പുലായനിയില്‍ ഇട്ടതിനുശേഷം അതില്‍ ഉപ്പുപിടിക്കരുത് എന്നുപറയുന്നത് വിഢിത്തമാണ്. ഈ മാങ്ങയിലെ ഉപ്പിനെ പൂര്‍ണ്ണമായും കളഞ്ഞ് അതിനെ ശുദ്ധമാക്കാന്‍ അതിസാഹസംതന്നെ വേണ്ടിവരും. മാനവസമൂഹം ഇന്ന് അധര്‍മ്മത്തിന്റേതായ ഉപ്പുലായനിയിലാണ്. മാങ്ങയുടെ സ്വതസിദ്ധമായ ഗുണത്തെ ഉപ്പ് ഇല്ലാതാക്കിയതുപോലെ അധര്‍മ്മം മനുഷ്യന്റെ അന്തഃകരണത്തില്‍ മായാവലയം സൃഷ്‌ടിച്ച് ആത്മാവിനെ അധര്‍മ്മത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥമോഹംവെടിഞ്ഞ സ്‌നേഹം, കാരുണ്യം, മൈത്രി, പരോപകാരം എന്നിവ ഇന്ന് ഒരിടത്തും കാണാനില്ല.
തന്റെ അയല്‍ക്കാരന് പെട്ടെന്ന് അസുഖംവന്നപ്പോള്‍ ഓടിച്ചെന്ന് ആശുപത്രിയിലാക്കി. ആവശ്യമായ മരുന്നും മറ്റ് കാര്യങ്ങളും ചെയ്‌തുകൊടുത്തു. രണ്ടുദിവസം കഴിഞ്ഞ് അയല്‍ക്കാരന്റെ വീട്ടില്‍ ചെന്ന് ഒരു ലിസ്റ്റ് വച്ചുനീട്ടി. ആശുപത്രിയില്‍ പോയതുമുതല്‍ ചിലവായ തുകയും നാളിതുവരെ അതിന്റെ പലിശയും കൂടി ഇത്രയുംരൂപ തരണം. ഇന്നു തന്നില്ലെങ്കില്‍ ഓരോദിവസവും പലിശകൂടും. ചിലവായ തുക എത്രയായാലും കൊടുക്കാന്‍ രോഗിക്കോ അയാളുടെ കുടുംബത്തിനോ സന്തോഷമേയുള്ളൂ. പക്ഷേ അതിന്റെ പലിശ അവരെ വെട്ടിലാക്കി. ഇതോര്‍ത്തപ്പോള്‍ രോഗിക്ക് താന്‍ ഇവിടെക്കിടന്ന് മരിച്ചാല്‍മതിയായിരുന്നു എന്നുതോന്നിപ്പോയി.
ഒരു സുഹൃത്തുവഴിയാണ് അയാളെ പരിചയപ്പെട്ടത്. അയാളും നല്ല സൃഹൃത്തായി തോന്നി. അടുത്തദിവസം അയാള്‍ തേടിപ്പിടിച്ച് വീട്ടില്‍വന്നു. സൗഹൃദസംഭാഷണങ്ങള്‍ ആരംഭിച്ചു. രണ്ടുമിനിറ്റ് കഴിഞ്ഞ് അയാള്‍ പറഞ്ഞുതുടങ്ങി.. �ഞാന്‍ വന്നകാര്യം പറയാം.....!� കാര്യം വേറൊന്നുമല്ല. അയാള്‍ ഒരു നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പ്രതിനിധിയാണ്. നല്ലൊരു തുക നല്‍കി അതില്‍ ചേരണം. മറ്റേ സുഹൃത്തും അതില്‍ ചേര്‍ന്നിട്ടുണ്ടത്രേ!. ഞാന്‍ ചേരില്ല എന്ന് ഉറപ്പായപ്പോള്‍ അയാളുടെ മുഖം കറുത്ത് ഇറങ്ങിപ്പോയി. പിന്നീട് പലയിടത്തുംവച്ച് കണ്ടിട്ടും പരിചയഭാവംപോലും കാട്ടിയതുമില്ല.
ആത്മസുഹൃത്തായി വീട്ടില്‍വരുന്നവന്‍ ഭാര്യയെ, മകളെ പീഡിപ്പിക്കും എന്ന് പണ്ടുള്ളവര്‍ വിചാരിക്കില്ല. എന്നാല്‍ ഇക്കാലത്ത് അത് സ്വാഭാവികമാണെന്ന് മാധ്യമങ്ങളില്‍നിന്ന് അറിയാം. ഓടിച്ചാടി നടക്കുന്ന കുട്ടികള്‍ അയല്‍വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഇന്ന് ഭയമാണ്. മയക്കുമരുന്ന്, പീഡനം അങ്ങനെ എന്തും സംഭവിക്കാം. സ്‌കൂള്‍-കോളേജ് തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ (ആണും-പെണ്ണും) ഇന്ന് ധാര്‍മ്മികത നഷ്‌ടപ്പെട്ട് ഗുണ്ടാപ്രവര്‍ത്തനത്തിനും സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിനും പോകുന്നതിനോട് മാതാപിതാക്കള്‍പോലും സഹകരിക്കുന്നു എന്ന അറിവ് ഞെട്ടലുളവാക്കുന്നു. എന്തിന് അന്തിവായ്‌പ എന്ന സമ്പ്രദായം നമ്മുടെ ഗ്രാമങ്ങളില്‍നിന്നുപോലും യാത്രയായിട്ട് ഏകദേശം 25 വര്‍ഷങ്ങളായിക്കാണും. ഗുണസമ്പന്നനായ അതിനെ ഇവിടെനിന്നും പറഞ്ഞുവിട്ടത് മറ്റാരുമല്ല... വെട്ടിപ്പലിശ എന്ന സ്വാര്‍ത്ഥമോഹിയാണ്.
മനുഷ്യന്‍ ഇന്ന് ഏതുകാര്യത്തിന്റേയും ന്യായാന്യായങ്ങള്‍ അവനവന്റെ സ്വാര്‍ത്ഥമോഹത്തിന്റെ കണ്ണിലൂടെയേ നിര്‍വ്വചിക്കുകയുള്ളൂ. കൊലപാതകങ്ങള്‍, സ്‌ത്രീപീഡനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, സാമൂഹിക-രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ എല്ലാറ്റിന്റേയും പ്രവര്‍ത്തന-വിശകലനങ്ങള്‍ എല്ലാം സ്വാര്‍ത്ഥമോഹത്തിന്റെ തലത്തിലേ നടത്തുകയുള്ളൂ. അതിനാല്‍ സത്യം തമസ്‌കരിക്കപ്പെടുന്നു. സമൂഹം പ്രശ്‌നസങ്കീര്‍ണ്ണമായിത്തീരുന്നു.
ഇത്തരത്തിലുള്ള അധര്‍മ്മങ്ങളും അസമത്വങ്ങളും സ്വാര്‍ത്ഥമോഹങ്ങളും അസ്വസ്‌തമായ അന്തരീക്ഷവും നമ്മേ ഗ്രസിക്കുവാന്‍ എന്താണ് കാരണം? മനോ-ബുദ്ധി നിയന്ത്രണം - ശുദ്ധി - മനുഷ്യന് നഷ്‌ടമായിരിക്കുന്നു എന്നതാണ്. ഇതുമൂലം പണത്തോട്, സുഖത്തോട്, സ്ഥാനമാനങ്ങളോടുള്ള അമിതമായ കാമം അവനെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. ബഹുനില വീടുകളിലെ വാസവും ആഡംബര കാറുകളിലെ യാത്രയും നക്ഷത്രഹോട്ടലിലെ ഭക്ഷണവും അവനെ മതിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ അവന്‍ വെമ്പല്‍കൊള്ളുന്നു. ഇവയെല്ലാം നേടുന്നതിനായി എന്തു ക്രൂരതയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന കാഴ്‌ചയാണ് നമുക്കുചുറ്റും നടക്കുന്നത്. ഇവിടെ പ്രകൃതിയുടെ പരസ്‌പരാശ്രയത്വം എന്ന നിയമം ബാഹ്യരൂപത്തില്‍ ലംഘിക്കപ്പെടുന്നു. ആന്തരീകമായി എല്ലാവരും പരസ്‌പരം ആശ്രയിച്ചേപറ്റൂ. അത് പ്രകൃതിയുടെ നിയമമാണ്. കാരണം ആത്മാവ് ഏകനും സര്‍വ്വചരാചരവാസിയുമാണ്. നിര്‍ഗ്ഗുണവും നിരാമയവും സര്‍വ്വവ്യാപിയുമായ ബ്രഹ്മത്തില്‍നിന്നും ഉത്‌പന്നമായതാണ് ആത്മാവ്.
നഷ്‌ടപ്പെട്ട മനോ-ബുദ്ധി നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത് മാനവസമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ആധുനിക വിദ്യാഭ്യാസം ഇതിന് ഇന്ന് ഉപയുക്തമല്ല. ആചാര്യന്മാര്‍ വിഭാവനം ചെയ്‌ത ധ്യാനം സ്‌കൂള്‍-കോളേജ് തലത്തില്‍ നടപ്പിലാക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സത്യ-ധര്‍മ്മത്തിലധിഷ്‌ഠിതമായ ജ്ഞാനം മാനവഹൃദയത്തില്‍ പകരുവാനും മാനവജീവിതം ആനന്ദപ്രദമാക്കുവാനും ഇത് ആവശ്യമാണ്. മാമുനിമാരുടെ ദര്‍ശനങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത് അവ ഇത്തരം ജ്ഞാനത്തില്‍ അധിഷ്‌ഠിതമായതിനാലാണ്. മനുഷ്യമനസ്സിനെ ഗ്രസിച്ചിരിക്കുന്ന ക്രൂരതയെ അകറ്റി സത്യ-ധര്‍മ്മപൂരിതമായ ഹൃദയസൃഷ്‌ടി സാധ്യമാക്കാന്‍ ധ്യാനപരിശീലനത്തിനേ സാധിക്കുകയുള്ളൂ.
പണത്തോടും പണക്കാരനോടുമുള്ള നമ്മുടെ ഭ്രമം അവസാനിപ്പിക്കാനുള്ള പ്രതിജ്ഞ നാം എടുക്കുമോ? ആര്‍ഭാട ജീവിതവും ഭൗതിക സുഖത്തിനായുള്ള പരക്കംപാച്ചിലും നാം അവസാനിപ്പിക്കുമോ? ഇവയ്‌ക്കുപരി അറിവിനെ, ജ്ഞാനത്തെ ബഹുമാനിക്കാനും ആദരിക്കാനും അനുസരിക്കാനുമുള്ള ഹൃദയവിശാലത നമുക്ക് ഉണ്ടാവുമോ? ഇവ സാധ്യമാണ്. കൃതൃവും ലളിതവുമായ, ഋഷികള്‍ വിഭാവനം ചെയ്‌തിരിക്കുന്ന ധ്യാനപരിശീലനത്തിലൂടെ, മനോനിയന്ത്രണത്തിലൂടെ, ധാര്‍മ്മിക കൂട്ടായ്‌മകളിലൂടെ. ധാര്‍മ്മികത വിടപറയുന്ന ഹൃദയങ്ങളിലേയ്‌ക്ക് ജ്ഞാനം പ്രദാനം ചെയ്യാനും അവരെ ധര്‍മ്മതല്‌പരരാക്കാനുമുള്ള കൂട്ടായ്‌മകള്‍ക്ക് നേതൃത്വം നല്‍കാന്‍ നമ്മുടെ സമീക്ഷക്ക് സാധിക്കട്ടെ.
No comments:
Post a Comment